ഗ്രാമസഭ / വാർഡ് സഭ

 ഗ്രാമസഭ / വാർഡ് സഭ | ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് 

ചെങ്ങമനാട് ഗ്രാമപഞ്ചായത്തിലെ ഭരണപ്രക്രിയയിൽ ജനപങ്കാളിത്തം ഉറപ്പുവരുത്തുന്ന ഏറ്റവും അടിസ്ഥാന ജനാധിപത്യ വേദിയാണ് ഗ്രാമസഭ അഥവാ വാർഡ് സഭ.

പഞ്ചായത്തിലെ ഓരോ വാർഡിലുമുള്ള മുഴുവൻ വോട്ടർമാരും അംഗങ്ങളായുള്ള വാർഡ് സഭകളിലൂടെയാണ് പ്രാദേശിക വികസന പദ്ധതികൾക്ക് രൂപം നൽകുന്നതും വിവിധ സർക്കാർ ക്ഷേമപദ്ധതികളിലേക്ക് അർഹരായ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതും.

വികസന പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുക, വരവ് ചിലവുകൾ പരിശോധിക്കുക, പ്രദേശത്തെ അടിസ്ഥാന പ്രശ്നങ്ങൾ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ശ്രദ്ധയിൽപ്പെടുത്തുക തുടങ്ങിയ സുപ്രധാന ചുമതലകൾ വാർഡ് സഭകൾ നിർവ്വഹിക്കുന്നു.

പ്രധാന ആശയം: ചെങ്ങമനാട് ഗ്രാമപഞ്ചായത്തിന്റെ സുതാര്യവും കാര്യക്ഷമവുമായ വികസന പ്രവർത്തനങ്ങൾക്ക് അടിത്തറ പാകുന്നത് ജനങ്ങൾ നേരിട്ട് തീരുമാനങ്ങളെടുക്കുന്ന ഈ ഗ്രാമസഭകളാണ്.

ഒരു ഗ്രാമപഞ്ചായത്തിന്റെ ഭൂപ്രദേശത്തിൽ ഉൾപ്പെട്ട ഒരു ഗ്രാമത്തെ സംബന്ധിച്ച വോട്ടർപട്ടികയിൽ പേര് ചേർത്തിട്ടുള്ള എല്ലാ ആളുകളും ചേർന്നതാണ് ആ ഗ്രാമത്തിന്റെ ഗ്രാമസഭ എന്ന് കരുതപ്പെടുന്നതാണ്.

01

ഗ്രാമസഭ / വാർഡ് സഭ മെമ്പർ

ഒരു ഗ്രാമത്തിലെ ഒരു വാർഡിലെ വോട്ടർ ആ വാർഡിലെ ഗ്രാമസഭയിലെ മെമ്പറാണ്.

02

ഗ്രാമസഭയുടെ / വാർഡ് സഭയുടെ കൺവീനർ

വാർഡ് മെമ്പർമാർ / ഗ്രാമസഭകളുടെ കൺവീനർമാരാണ്.

എന്നാൽ ഒരു കൺവീനർക്ക് തന്റെ കടമകൾ നിർവ്വഹിക്കാൻ കഴിയാത്ത സാഹചര്യം വന്നാൽ തദ്ദേശഭരണ സ്ഥാപനത്തിന്റെ അദ്ധ്യക്ഷന്‍ തൊട്ടടുത്തുള്ള ഒരു വാർഡിലെ അംഗത്തെ ആ വാർഡിലെ കൺവീനറായി നിയമിക്കാവുന്നതാണ്.
03

അദ്ധ്യക്ഷൻ

ഗ്രാമസഭായോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ആണ് അദ്ധ്യക്ഷത വഹിക്കേണ്ടത്.

ഗ്രാമപഞ്ചായത്തുകളിൽ പ്രസിഡന്‍റിന്‍റെ അസാന്നിദ്ധ്യത്തിൽ വൈസ് പ്രസിഡന്‍റോ രണ്ടുപേരുടേയും അസാന്നിദ്ധ്യത്തിൽ കൺവീനറോ അദ്ധ്യക്ഷത വഹിക്കണം.

04

യോഗം വിളിക്കൽ

യോഗങ്ങൾ വിളിച്ച് ചേർക്കേണ്ട ഉത്തരവാദിത്വം കൺവീനർ കൂടിയായ വാർഡ് അംഗത്തിൽ നിക്ഷിപ്‌തമാണ്.

05

ക്വാറം

സാധാരണ ക്വാറം

ഗ്രാമസഭയുടെ ക്വാറം ആകെ വോട്ടർമാരുടെ 10 ശതമാനം ആണ്.

വീണ്ടും ചേരുന്ന യോഗം

ക്വാറം തികയാതെ മാറ്റി വെച്ച് വീണ്ടും ചേരുമ്പോൾ അപ്രകാരമുള്ള യോഗത്തിന്റെ ക്വാറം 50 ആയിരിക്കുന്നതാണ്.

06

പ്രത്യേക യോഗം വിളിക്കാൻ വോട്ടർമാർക്കുള്ള അവകാശം

ഒരു വാർഡിലെ വോട്ടർമാരിൽ 10 ശതമാനത്തിൽ കുറയാത്ത എണ്ണം വോട്ടർമാർ രേഖാമൂലം ആവശ്യപ്പെട്ടാൽ ഗ്രാമസഭയുടെ / വാർഡ്‌സഭയുടെ ഒരു പ്രത്യേക യോഗം 15 ദിവസത്തിനകം കൺവീനർ വിളിച്ച് കൂട്ടേണ്ടതാണ്.

07

കോ-ഓർഡിനേറ്റർ

ഗ്രാമപഞ്ചായത്ത് തീരുമാനിക്കുന്ന ഒരു ഉദ്യോഗസ്ഥൻ ഗ്രാമസഭയുടെ കോ-ഓർഡിനേറ്ററായി പ്രവർത്തിക്കേണ്ടതാണ്.

ഗ്രാമസഭയുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളിലും കൺവീനറെ കോ-ഓർഡിനേറ്റർ സഹായിക്കേണ്ടതാണ്.

08

ചോദ്യങ്ങൾ, നിർദ്ദേശങ്ങൾ

ഗ്രാമസഭയിൽ പരിഗണിക്കേണ്ട ചോദ്യങ്ങൾ, നിർദ്ദേശങ്ങൾ എന്നിവ യോഗത്തിന് മുമ്പോ യോഗം നടക്കുമ്പോഴോ എഴുതി സമർപ്പിക്കുവാൻ അംഗങ്ങൾക്ക് അവകാശമുണ്ടായിരിക്കുന്നതാണ്.

09

പ്രമേയങ്ങൾ

ഗ്രാമസഭയുടെ അധികാരപരിയിൽപ്പെട്ട ഏതു പ്രശ്‌നത്തെക്കുറിച്ചും അതത് യോഗത്തിൽ ഭൂരിപക്ഷ അടിസ്ഥാനത്തിൽ പ്രമേയം പാസ്സാക്കാവുന്നതാണ്.

10

ഗ്രാമസഭയുടെ / വാർഡ് സഭയുടെ അധികാരങ്ങൾ, ചുമതലകൾ

A. പദ്ധതി ആസൂത്രണം, നിർവ്വഹണം എന്നിവയുമായി ബന്ധപ്പെട്ടവ

  1. വികസന പദ്ധതികൾ ആവിഷ്‌കരിക്കുന്നതിനാവശ്യമായ വിശദാംശങ്ങൾ ശേഖരിക്കുന്നതിന് സഹായിക്കുക.
  2. ഗ്രാമപഞ്ചായത്ത് / മുനിസിപ്പാലിറ്റി പ്രദേശത്ത് നടപ്പാക്കേണ്ട പദ്ധതികളുടേയും വികസന പരിപാടികളുടേയും നിർദ്ദേശങ്ങൾ തയ്യാറാക്കുക, മുൻഗണന നിശ്ചയിക്കുക.

    കരട് പ്രോജക്‌ട് നിർദ്ദേശങ്ങൾ ഗ്രാമസഭയിൽ / വാർഡ് സഭയിൽ അച്ചടിച്ച് വിതരണം ചെയ്യുകയും ഗ്രാമസഭ / വാർഡ്‌സഭ അവ പരിശോധിച്ച് മുൻഗണനാക്രമം നിശ്ചയിക്കുകയും വേണം.
  3. വികസന പദ്ധതികൾ ഫലപ്രദമായി നടപ്പാക്കുന്നതിന് സഹായങ്ങൾ നൽകുക, സൗകര്യങ്ങൾ ലഭ്യമാക്കുക, സന്നദ്ധസേവനം നൽകുക, പണമോ സാധനങ്ങളോ സഹായം നൽകുക, സമാഹരിക്കുക.

B. പൊതുസൗകര്യ പദ്ധതികളുമായി ബന്ധപ്പെട്ടവ

  1. തെരുവുവിളക്കുകൾ, പൊതുജലവിതരണ ടാപ്പുകൾ, പൊതുകിണറുകൾ, പൊതുശുചിത്വ ഘടകങ്ങൾ, ജലസേചന സൗകര്യങ്ങൾ, മറ്റ് പൊതു സൗകര്യപദ്ധതികൾ എന്നിവ എവിടെ സ്ഥാപിക്കണമെന്ന് നിർദ്ദേശിക്കുക.

C. മരാമത്ത് പണികളുമായി ബന്ധപ്പെട്ടവ

  1. ഗ്രാമസഭ / വാർഡ് ഗ്രാമസഭയുടെ പ്രദേശത്ത് നടപ്പാക്കിയതോ നടപ്പാക്കാൻ ഉദ്ദേശിക്കുന്നതോ ആയ പ്രവൃത്തികളുടെ എസ്റ്റിമേറ്റ്, അതിന്റെ സാമഗ്രികളുടെ ചെലവിന്റെ വിശദാംശങ്ങൾ തുടങ്ങിയവ അറിയുക.

    വിശദാംശങ്ങൾ ഗ്രാമസഭയിൽ / വാർഡ് സഭയിൽ വിതരണം ചെയ്യേണ്ടതാണ്.
  2. വികസന പരിപാടികൾ ഏറ്റെടുത്തു നടത്തുന്ന ഗുണഭോക്തൃകമ്മിറ്റികളെ നിരീക്ഷിക്കുകയും സഹായിക്കുകയും ചെയ്യുക.
  3. പ്രദേശത്ത് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പണികളെ സംബന്ധിച്ച വിശദമായ എസ്റ്റിമേറ്റുകളുടെ വിവരങ്ങൾ ശേഖരിക്കുക.