ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
എറണാകുളം ജില്ലയിലെ പാറക്കടവ് ബ്ലോക്കിലെ ഒരു പ്രകൃതിരമണീയമായ പഞ്ചായത്താണ് ചെങ്ങമനാട്. വടക്ക്-നെടുമ്പാശ്ശേരി പഞ്ചായത്ത്, കിഴക്ക്-ശ്രീമൂലനഗരം പഞ്ചായത്ത്, അങ്കമാലി മുനിസിപ്പാലിറ്റി പടിഞ്ഞാറ്- നെടുമ്പാശ്ശേരി പഞ്ചായത്ത്, ആലുവ മുനിസിപ്പാലിറ്റി തെക്ക് ആലുവ മുനിസിപ്പാലിറ്റി, കീഴ്മാട് പഞ്ചായത്ത് എന്നിവയാണ് ചെങ്ങമനാട് ഗ്രാമപഞ്ചായത്തിന്റെ അതിരുകൾ. പ്രസിദ്ധമായ ആലുവാ ശിവരാത്രി മണപ്പുറം ഈ പഞ്ചായത്തിന്റെ തെക്കുഭാഗത്തായി ആണ് സ്ഥിതി ചെയ്യുന്നത്. പഴയ തിരുവിതാംകുറിന്റെ അതിരുകളിൽ രൂപം കൊണ്ട പഞ്ചായത്തുകളിൽ ഒന്നായ ചെങ്ങമനാട് 1954-ൽ രൂപം കൊള്ളുമ്പോൾ, ഇന്നത്തെ നെടുമ്പാശ്ശേരി ചെങ്ങമനാടിന്റെ ഭാഗമായിരുന്നു.
ദേശീയപാത 544 പഞ്ചായത്തിന്‍റെ മധ്യഭാഗത്ത് കൂടി കടന്നു പോകുന്നു. ഏറ്റവും അടുത്ത വിമാനത്താവളം നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം. അടുത്ത റെയിൽവേ സ്റ്റേഷൻ ആലുവ. ഇപ്പോൾ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ജെര്‍ളി കപ്രശ്ശേരിയും വൈസ് പ്രസിഡണ്ട് ശ്രീമതി സജീന ടീച്ചറുമാണ്.
ചരിത്രം
എ.ഡി.1090 മുതൽ1102 വരെ കുലശേഖരചക്രവർത്തിമാരുടെ അധികാരത്തിൻ കീഴിലായിരുന്നു ഈ പ്രദേശം. ഭരണസൗകര്യത്തിനായി ഈ നാട്ടുരാജ്യത്തിനെ പല പ്രവിശ്യകളായി തിരിച്ചിരുന്നു. അതിൽ കാൽക്കരെനാടിൽ പെട്ട സ്ഥലമായിരുന്നു ചെങ്ങമനാട്.
ലളിതാംബിക അന്തർജനത്തിന്റെ അഗ്നിസാക്ഷി എന്ന നോവലിലും ഈ ചെങ്ങമനാടിനെ പറ്റി പറയുന്നുണ്ട്. കുമാരനാശാന്റെ ഭാര്യ ഭാനുമതിയമ്മയുടെ ഭവനം ചെങ്ങമനാട് സ്ഥിതിചെയ്യുന്നു.
പേരിനു പിന്നിൽ ജംഗമ മഹർഷി തപസ്സനുഷ്ഠിച്ച സ്ഥലമാണ് ജംഗമനാട്. ഈ ജംഗമനാട് പിന്നീട് ലോപിച്ച് ചെങ്ങമനാട് ആയതായിരിക്കാം എന്നാണ് വിശ്വാസം ജംഗമ മഹർഷി തപസ്സ് ചെയ്തെന്ന് പറയപ്പെടുന്ന മുനിക്കൽ ഗുഹാലയം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.
നദികൾ
പെരിയാറിന്റെ ഒരു കൈവഴിയായ മംഗലപുഴ ഈ പഞ്ചായത്തിന്റെ തെക്കുപടിഞ്ഞാറു വശത്തുകൂടി ഒഴുകുന്നു. പൊതുവേ സമതലപ്രകൃതമായ ഈ പഞ്ചായത്തു പ്രദേശത്തെ ചുറ്റിയൊഴുകുന്ന പറമ്പയം-ചെങ്ങൽതോടും അതിനോടു ബന്ധപ്പെടുന്ന മറ്റു ചെറുതോടുകളും ഈ പഞ്ചായത്തിന്റെ സുപ്രധാന ജല സ്രോതസ്സുകളാണ്. പെരിയാറിന്റെ തുരുത്തുകളിൽ പെട്ട പ്രകൃതി രമണീയമായ കണ്ടൻ തുരുത്തും, പരുന്ത് റാഞ്ചി മണപ്പുറത്തിന്‍റെ ഒരു ഭാഗവും ചെങ്ങമനാടിൽ ഉൾപെടുന്നു.
ജീവിതോപാധി
പ്രധാന ജീവിതോപാധി കൃഷി ആണ്. എന്നാൽ പിന്നീട് ഈ പഞ്ചായത്ത് വളരെ പെട്ടെന്ന് ഒരു വ്യാവസായിക മാറ്റത്തിനു തുടക്കം കുറിച്ചു. ഈ ഭാഗത്ത് വളരെയധികം കണ്ടു വരുന്ന കളിമണ്ണുപയോഗിച്ച് ഓട് നിർമ്മിക്കുന്ന രീതിയാണ് ഇത്. ധാരാളം സ്ഥാപനങ്ങൾ ഇതുമായി ബന്ധപ്പെട്ട് ഉയർന്നുവന്നു. പ്രത്യക്ഷമായും പരോക്ഷമായും ഒട്ടനവധി ആളുകൾ ഈ വ്യവസായവുമായി സഹകരിച്ചിരുന്നു. മുൻ കാലത്ത് ഇവിടെ ധാരാളം ഇഷ്ടിക നിർമ്മാണ കേന്ദ്രങ്ങൾ പ്രവർത്തിച്ചിരുന്നു. 1921-ൽ മഹാകവി ശ്രീ.കുമാരനാശാന്റെ മേൽനോട്ടത്തിൽ ചെങ്ങമനാട് യൂണിയൻ ടൈൽവർക്സ് സ്ഥാപിക്കപ്പെട്ടു. 2003ൽ ഈ സ്ഥാപനം അടച്ചുപൂട്ടി. അസംസ്കൃത വസ്തുവായ കളിമണ്ണിന്റെ ലഭ്യതക്കുറവു് കമ്പനി പൂട്ടാൻ ഒരു കാരണമാണ്. എന്നാല്‍ ഇന്ന് ധാരാളം വ്യവസായ, കച്ചവട സ്ഥാപനങ്ങള്‍ ഈ പഞ്ചായത്തില്‍ പ്രവര്‍ത്തിച്ചു വരുന്നു.